2016 ഒക്‌ടോബർ 1, ശനിയാഴ്‌ച

തുരുത്ത്.

തുരുത്ത്.


പിൻവലിയുംതോറും
ഇറുകിയഴയുന്ന
ഊരാക്കുടുക്കുകൾ പോലെ
രാപ്പകലുകൾ.

ഉടലുകൾ
ചില്ലുചഷകങ്ങളാണ്.
ഉന്മാദനൃത്തങ്ങൾ,
ലിംഗഭേദമില്ലാത്ത
തെരുവോരങ്ങളും.

വിസ്മൃതിയുടെ
വിസ്തൃതിയിലാണീ
തുരുത്ത്.


2013 ജൂൺ 15, ശനിയാഴ്‌ച

അച്ഛൻ.

അച്ഛൻ.
ബീഡിയുടെ  രൂക്ഷ ഗന്ധവും,
കുറ്റിത്താടിരോമങ്ങൾ
കുഞ്ഞുകവിളുകളിൽ
അസ്വസ്ഥതകളാൽ
ആലിംഗനം തീർക്കുന്ന
രാത്രികളുടെ നറുനിലാവ്

നേരിൻറെ ഉണങ്ങാത്ത
മുറിവുകളിൽ
വിയർപ്പിൻറെ
ഉപ്പുകല്ലുകൾ നീറ്റുന്ന
അഭിമാനത്തിന്റെ
ചൂണ്ടുവിരൽ

മോഹഭംഗത്തിന്റെ
ചുഴിയിൽ തകർന്ന
പായ്കപ്പലിൽ നിന്ന്
എന്നെ കണ്ടെടുത്ത
യവനകഥയിലെ  നാവികൻ.

Happy Father's day to all



2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

ഉഭയജീവി


കര ഞാനും
നീ കടലുമായിരുന്നോ ?
അതോ മറിച്ചോ ?
കണ്ണീരുണങ്ങാത്ത
ഉപ്പുകവിളുകളിൽ
ചേർക്കാൻ
വിതുമ്പലൊതുക്കി വന്ന
ചുണ്ടുകളാരുടേത് ?
കനവുകൾതൻ
ഉടയാടയിൽ
ചെറുതിരഞൊറിയുന്ന-
താരുടെ  വിരലുകൾ ?
താരുണ്യത്തിൻറെ
വേലിയേറ്റത്തിൽ
നാണം കരിമഷിയെഴുതിയ
ചാട്ടുളികണ്‍കോണിൽ
യുഗങ്ങളെബാക്കിവെക്കുന്നു ഞാൻ  

2013 ജനുവരി 3, വ്യാഴാഴ്‌ച

മഞ്ഞുകാലം നോല്‍ക്കുന്ന പക്ഷി



എതോ മരച്ചില്ലയില്‍ 
മോഹഭംഗത്തിന്‍   ചിറകുകളൊതുക്കി 
മഞ്ഞുകാലം നോല്‍ക്കുന്ന പക്ഷി ,
നിന്നെ തിരയുന്നു ഞാന്‍.

ശൈത്യം കരിമ്പടം നീര്‍ത്തുന്ന 
കാനന വീഥിയില്‍ 
നിന്‍റെ കളമൊഴിയ്ക്കായി 
കാതോര്‍തിരിപ്പൂ ഞാന്‍...:0

കണ്‍ചിമ്മുന്ന താരങ്ങളിലും 
ഇതള്‍തുറക്കുന്ന 
വനപുഷ്പ ങ്ങളിലും 
നിന്‍റെ വിഷാദം കാണ്മുഞാന്‍ 

നിന്‍റെ മൗനപര്‍വ്വത്തില്‍ 
രാപകലുകളിണചേര്‍ന്നു നൃത്തംവയ്ക്കുന്ന 
യവ്വനാതിര്‍ത്തിയില്‍ 
ദിക്കുകളറിയാതെ ഞാന്‍. .

മുളങ്കാട്ടില്‍ നിന്‍റെ നാദം  തീര്‍ക്കുന്ന 
കാറ്റിന്‍റെ  കൈവിരലുകളില്‍,
വിരഹം കൂടൊരുക്കുന്ന 
ശിശിരത്തിന്‍റെ മന്ദാരച്ചില്ലയില്‍,
ഒഴുകാന്‍ മറന്ന 
കാട്ടാറിന്‍ ഗദ്ഗദത്തില്‍,
ഞാനെന്‍റെ തൂവലുകള്‍ 
ബാക്കിവയ്ക്കട്ടെ.

വനരജനികളില്‍ 
വിസ്മയം തീര്‍ക്കും 
വസന്തമെത്തുന്ന നാളൊന്നില്‍,
ചിറകുതളര്‍ന്നു നീയെത്തുമാ-
പൂമരകൊമ്പില്‍ നിന്ന്,
നിന്‍റെ വെണ്‍തൂവലൊന്നെനിക്കായ് 
പൊഴിക്കണം. 
ആ മരത്തണലിലാണെന്‍റെ 
അസ്ഥിമാടം.
നിന്‍റെ പാട്ടില്‍
ഇലഞ്ഞിപൂമണം പരത്തുന്ന 
ഒരു നേര്‍ത്ത കാറ്റായ്‌ 
ഞാന്‍ ചിരിക്കും .